Popular Posts

2013 ഡിസംബർ 18, ബുധനാഴ്‌ച

ഒരു ഓർമ്മക്കുറിപ്പ്..



   
    എന്റെ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് പല വിശ്വാസരീതികളുണ്ട്.  പലതരം പള്ളികളും ഒരുപാട്  അമ്പലങ്ങളും നിരവധി നേർച്ചകളും....ഇവയൊക്കെ ഇവർക്കെല്ലാം സമാധാനം നൽകുന്നുണ്ടാകാം, ഇല്ലായിരിക്കാം..അതവർ പുറത്ത് പറയണമെന്നില്ല. പക്ഷെ ഇവരെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഒരേയൊരു ആശ്വാസ കേന്ദ്രമേ ഞങ്ങൾക്കുള്ളൂ. അതാണ്  ചിരപുരാതനമായ ശ്രീകണ്ഠാപുരം എന്ന കൊച്ചു പട്ടണത്തിലെ ആയിരക്കണക്കായ സാധാരണക്കാരുടെ സ്വന്തം മുഹമ്മദ് ഡോക്ടർ.  സാമ്പ്രദായികചികിത്സാവഴികളിൽനിന്നും പാടേ മാറിയ സമീപനം......തനതായ ഊട് വഴികളിലൂടെ ശ്രമകരമായലക്ഷ്യങ്ങൾ പിന്തുടരുന്ന മനുഷ്യസ്നേഹി.
    നാക്കിന്റെ ചൊറിച്ചിലിനു മുതൽ കുഴിനഖത്തിനു വരെ 'സ്പെഷ്യലിസ്റ്റു'കൾ ഉള്ള നമ്മുടെ നാട്ടിൽ തന്റെ കുടുസ്സു മുറിയ്ക്കു മുന്നിൽ ക്ഷമാപൂർവ്വം കാത്തു നിൽക്കുന്ന ഒട്ടനവധി പേരെ  ഒരുമിച്ച് അകത്തേക്ക് വിളിക്കുകയും ഓരോരുത്തരേയും അകത്തെ മുറിയിലേക്ക് കൊണ്ടു പോയി നിമിഷാർദ്ധം കൊണ്ട് പരിശോധനാ വിധേയരാക്കുകയും ചെയ്യുന്ന ഡോക്ടർ.... മെഡിക്കൽ സയൻസിലെ നിയമാവലികൾ അതിലംഘിച്ചു കൊണ്ട് സ്ട്രിപ്പുകളിൽ നിന്നും അടർത്തി മാറ്റി പ്ലാസ്റ്റിക് ജാറുകളിൽ നിറച്ച പേരറിയാത്ത ടാബ്‌ലെറ്റുകളും ക്യാപ്‌സൂളുകളും.....
        ക്ലിനിക്കിന്റെ കോണിപ്പടികളിൽ നിന്നും പണ്ടെങ്ങോ ഉത്ഭവിച്ച ആരാധന കലർന്ന നുറുങ്ങ് കഥകളുണ്ട് ഡോക്ടറെപ്പറ്റി...ഇദ്ദേഹം 'മലക്ക്' ആണെന്നും, ദൈവിക കഴിവുകളുണ്ടെന്നും, ആ കൈകൾ കൊണ്ട് വാരിത്തരുന്നതു കൊണ്ടാണ് ഏതു രോഗവും ഭേദമാവുന്നതെന്നും തുടങ്ങി ഡോക്ടർ മുൻപ് സർക്കാർ സർവ്വീസിലായിരുന്നെന്നും അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാലും സ്വതന്ത്ര ചിന്താഗതിക്കാരനായതിനാലും അതുപേക്ഷിക്കേണ്ടി വന്നതാണെന്നും എന്തായാലും അത് പാവപ്പെട്ട ഞങ്ങളുടെ ഭാഗ്യമായി മാറിയെന്നും വരെ....
        ഏതായാലും ആ കഥയിലെ അവസാനത്തേതിന് ബലം പകരുന്ന രീതികൾ പലതും അനുഭവവേദ്യമായിട്ടുണ്ട്. സർക്കാരാശുപത്രിയെ ഓർമ്മിപ്പിക്കുന്ന ചുമ മരുന്നും, റ്റാബ്‌ലെറ്റ്-ക്യാപ്‌സൂൾ വിതരണവും, മരുന്നും ഫീസും അടക്കം സൗജന്യ നിരക്കിനോടടുപ്പിച്ച ചെലവും, നേരിട്ടറിയാവുന്ന നിർദ്ധനർക്കും കൈയ്യിൽ പണമില്ല എന്ന് തോന്നിപ്പിക്കുന്ന എല്ലാവർക്കും ഫീസില്ലാതെ ചികിത്സയും സൗജന്യമായി മരുന്നും എന്നു തുടങ്ങി പലതും. വിറയാർന്ന കൈകളിൽ മരുന്നുകെട്ടുകളുമായി മരപ്പടികൾ ശ്രദ്ധിച്ചിറങ്ങിപ്പോകുന്ന തൊലി ചുക്കിച്ചുളിഞ്ഞ അമ്മൂമ്മമാരെയും നരച്ച താടിയും മുഷിഞ്ഞ തൊപ്പിയും വെച്ച ഉപ്പൂപ്പമാരെയും നോക്കിയാലറിയാം തിമിരം ബാധിക്കാത്ത അവരുടെ കൃഷ്ണമണികളിലെ തിളക്കവും പുറത്തു വരാത്ത നന്ദി വാക്കുകൾ ജലകണമായ് കൺകോണിൽ പൊടിയുന്നതും. അവ്യക്തമായ ആ പിറുപിറുക്കലുകൾ ഒരായിരം നിശ്വാസങ്ങൾക്കൊപ്പം പ്രാർഥനകളുടെ രൂപം കൈക്കൊണ്ട് മുകളിലേക്കുയരുന്നുണ്ടാകും.
    സോഷ്യൽ സ്റ്റാറ്റസിനു വേണ്ടിയും സംഘടിപ്പിച്ചെടുക്കുന്ന സ്വദേശി - വിദേശി പുരസ്കാരങ്ങൾക്കു വേണ്ടിയും പരക്കം പായുന്ന 'പ്രാഞ്ചിയേട്ടന്മാരുടെ' നാട്ടിൽ ഒരു മനുഷ്യൻ നിശ്ശബ്ദമായി യതീംഖാനക്കു വേണ്ടിയും അവിടത്തെ അന്തേവാസികളുടെ വിവാഹ-ക്ഷേമ കാര്യങ്ങൾക്കുമായി ഓടി നടക്കുന്നു. സമയമില്ലാത്തവരുടെ ഈ നാട്ടിൽ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഓടിയെത്താൻ തിരക്കിനിടയിലും സമയം കണ്ടെത്തുന്നു. ചിലപ്പോൾ ആ സമയമത്രയും ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാവുന്ന രോഗികൾ ആ നല്ല മനസ്സിനെ അലിവോടെ മനസ്സിലാക്കുന്നു. ഡോക്ടർ ചെയ്യുന്ന ഈ നല്ല പ്രവൃത്തികൾ അനുഗ്രഹ രൂപത്തിൽ അദ്ദേഹത്തിനും സേവനരൂപത്തിൽ തങ്ങൾക്ക് തന്നെയും ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. തങ്ങളുടെ സ്വകാര്യ പ്രാർഥനകളിൽ ആ പേരും ചേർക്കുന്നു.
    ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നതാണാ മനുഷ്യനെ. അതേ രൂപം....ഒരു മുടിയിഴ പോലും നരച്ചിട്ടില്ല കഴിഞ്ഞ മുപ്പത്തിമൂന്നോളം വർഷമായി. മുപ്പത്തിമൂന്നെന്ന് പറയാൻ കാരണം എന്റെ അമ്മ ഓരോ ആഴ്ചയിലും ആവർത്തിച്ചു പറയുന്ന കഥകളാണ്. ആറു മാസം പ്രായമുള്ള ഞാനെന്ന കുഞ്ഞുമായി അമ്മ ഒറ്റയ്ക്ക് താമസിച്ചതും സ്കൂളിൽ നിന്നും വന്ന് സുഖമില്ലാത്ത എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയതും ഡോക്ടറുടെ മരുന്ന് ഫലിച്ചതും മറ്റും. അന്നു മുതലിന്നു വരെ അമ്മ പറയുന്നതനുസരിച്ചാണെങ്കിൽ എനിക്ക് ഡോക്ടറുടെ മരുന്ന് മാത്രമേ ഫലിച്ചിട്ടുള്ളൂ. ഇപ്പോഴും തിരുവനന്തപുരത്തു നിന്ന് വല്ലപ്പോഴും വരുമ്പോഴും എനിക്ക് ഡോക്ടറുടെ ചികിത്സ അവശ്യഘടകം തന്നെ. അപ്പോഴമ്മ പതിവുപോലെ കളിയാക്കും..ലോകത്തിന്റെ ഏത് കോണിൽ പോയാലും അവന് മുഹമ്മദ് ഡോക്ടറേ പറ്റൂ. മുൻപൊരിക്കൽ ചുട്ടു പൊള്ളുന്ന പനിയുമായി ഡോക്ടറെ കാണാൻ പോയിരുന്നു. നേരം വൈകിയതിനാൽ ഡോക്ടർ ക്ലിനിക്കിൽ നിന്നും പോയ്‌ക്കഴിഞ്ഞിരുന്നു. മനസ്സില്ലാമനസ്സോടെ ഡോക്ടറുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു. അദ്ദേഹത്തെ ഈ വൈകിയ വേളയിൽ ശല്യപ്പെടുത്തുന്നതെങ്ങനെ എന്നായിരുന്നു ചിന്ത. ബെല്ലടിച്ച് കുറച്ചു കഴിഞ്ഞ്  ഒരു കുഞ്ഞു വന്നു പറഞ്ഞൂ ഡോക്ടർ നിസ്ക്കരിക്കുകയാണെന്ന്. കുറ്റബോധം ഇരട്ടിച്ച് കരിങ്കല്ല് കഴുത്തിൽ തൂക്കിയ പോലെയായി.
       
    തൂവെള്ള ചിരിയുമായി ഡോക്ടർ മുറിയിലേക്ക് വന്നപ്പോഴേ എന്റെ പകുതി രോഗം പോയി. സാധാരണക്കാരുടെ ഈ ദൈവം തന്റെ ദൈവത്തോട് എന്തായിരിക്കും സംവദിച്ചിട്ടുണ്ടാവുക? ഒരു മിസ്റ്റിക് സന്യാസിയെപ്പോലെ, സെൻ ഗുരുവിനെപ്പോലെ ബൗദ്ധപൂർണ്ണിമ വിളങ്ങുന്ന അലൗകികമായ ശാന്തതയോടെ ആ മുഖം എനിക്ക് ഊർജ്ജദായിനിയായി. ക്ഷീണിച്ച 'സോറി' കേട്ടപ്പോൾ ഡോക്ടർ പൊട്ടിച്ചിരിച്ചു.."എന്തിനു്? അസമയത്ത് വന്നത് പനിയല്ലേ..? മരുഭൂമിയിലെ മണൽക്കാറ്റിൽ ഒരു സൗരദിനം മുഴുവൻ പഴുത്തു കിടന്ന കരിമ്പാറ പോലെ ചുട്ടു പൊള്ളുന്ന എന്റെ നെറ്റിയിൽ ആരോ സംസം വെള്ളം തളിച്ച പോലെ....ഒരച്ഛൻ മകനെ തലോടും പോലെ ആ തണുത്ത കൈ എന്റെ നെറ്റിയിൽ. ഇപ്പോൾ തന്നെ കഴിച്ചോളൂ" എന്ന് പറഞ്ഞ് മരുന്നും അതു കഴിക്കാനുള്ള വെള്ളവും തന്ന ഡോക്ടർ, വർഷങ്ങളായി പരിചയമുള്ള അച്ഛന്റെ വിശേഷങ്ങളും മറ്റും ചോദിച്ചറിഞ്ഞ് എന്നെ യാത്രയാക്കി..ഒന്നും വാങ്ങാതെ.
       
    തിരിച്ചിറങ്ങുമ്പോൾ ഞാനാലോചിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു..ഡോക്ടർ എന്റെ നെറ്റിയിൽ തൊട്ടത് ഏതാനും നിമിഷങ്ങൾ മാത്രമായിരുന്നുവോ? മരുന്ന് കൈയ്യിൽ തന്നു കൊണ്ട് ഡോക്ടർ പറഞ്ഞ വാക്കുകൾ തന്നെയാണെന്നെ തിരികെ  സ്വബോധത്തിലെത്തിച്ചത്. അതിനിടയിൽ എനിക്ക് അനുഭവപ്പെട്ടത് പനി പിടിച്ച മനസ്സിന്റെ ആകുലതകളിൽ നിന്നുള്ള 'ഡിഫൻസ് മെക്കാനിസ'മോ? തണുത്ത ആ കൈ നെറ്റിയിൽ തൊട്ടപ്പോൾ പകർന്ന് കിട്ടിയ വിദ്യുത്‌പ്രവാഹത്തിന്റെ സുഖാനുഭൂതിദായകമായ ചെറു വിറയൽ...പനി പിടിച്ച എന്റെ ആ രാത്രി യുക്തിബോധങ്ങൾക്കതീതമായ ചില യാദൃശ്ചികതകളുടെ തുന്നിച്ചേർക്കലുകളാണ് അവശേഷിപ്പിച്ചത്. ഞാനിന്നും ഒരു നിരീശ്വരവാദിയാണ്. ഒരുപക്ഷെ അന്ന് പൂർത്തിയാക്കാത്ത ഒരു ദേവസല്ലാപത്തിനിടയിൽ, ദൈവികമായ ഒരു ഒത്തുചേരലിനിടയിൽ, ദൈവം തന്റെ ഭൂമിയിലെ വിശ്വസ്തനിൽ അനുഗ്രഹങ്ങൾ നിറയ്ക്കുകയായിരുന്നിരിക്കണം- എന്റെ പനി ഇടപെടുമ്പോൾ. ജീവിതത്തിലാദ്യമായി ഞാൻ ദൈവം എന്ന രണ്ടക്ഷരങ്ങൾ യുക്തിബോധത്തോടെ, തികഞ്ഞ ബോധ്യത്തോടെ തന്നെ ഉപയോഗിക്കുന്നു. കാരണം, സ്വാർഥപൂർണ്ണമായ ഈ കലിയുഗത്തിൽ ഞാൻ വേറെ ഒരു പ്രതിപുരുഷനെയും പ്രതീക്ഷിക്കുന്നില്ല.

3 അഭിപ്രായങ്ങൾ:

JINOSH MATHEW പറഞ്ഞു...

Chilakaryangal nammude chinthakalkkatheethamaanu.... yukthi vadikal athine kandethan viphalamayi sramikkunnu.... mattullavar athinu daivikatha nalki krithartharakunnu.... Chila sarikalkku kaalam kooduthal thilakkam nalkum... Muhammad Doctor 'daivathe pole' innum roopamillatha oru vyakthiyanu enikku... peru kettu..dharalam..pakshe orikkalum neril kandittilla...

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

വളരെ നല്ല തുടക്കം തന്നെ, ഷിജൂ.... നന്നായി പറഞ്ഞു....... തുടരണം.. എല്ലാ ആശംസകളും....Gopan

aruns പറഞ്ഞു...

nannayittund...